Skip to main content

ഓർമ്മ പാച്ചിലിൽ പാച്ചല്ലൂർ തൂക്കം.


വല്യച്ഛനും, വല്യച്ഛൻ പകർത്തുന്ന ചിത്രങ്ങളും എന്റെ ജീവിതത്തിൽ നിന്നും ഒരിക്കലും പറിച്ചുമാറ്റാൻ പറ്റാത്ത ഒന്നാണ്. അക്കൂട്ടത്തിൽ പെടുന്ന ചിത്രങ്ങളിൽ നിന്നും മാത്രം എനിക്ക് ഓർമ്മയുള്ള ഒരു സ്ഥലമാണ് പാച്ചല്ലൂർ. വല്യച്ഛൻ തന്റെ  പെന്റാക്സ്
ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് എൻറെ മനസ്സിൽ പതിഞ്ഞിരിക്കുന്നത്.

അമ്പലവയലിലെ താമസം മതിയാക്കി അപ്പൂപ്പനും അമ്മൂമ്മയും വല്യച്ഛനും അച്ഛനുമൊക്കെ പാച്ചല്ലൂർക്ക് വന്നത് അച്ഛൻ പറഞ്ഞ ഓർമയുണ്ട്.
വല്യച്ഛന്റെ കവസാക്കി ആർ ടി ഇസടും, അച്ഛന്റെ എൽ എം എൽ സുപ്രീമോയും, പ്രിമിയർ പദ്മിനി യും, കാവുമെക്കാവിലെ ക്രിക്കറ്റ് കളിയും, ബാലരമ മുറിയും, മാങ്ങ തിന്നലുമൊക്കെയാണ് ചിത്രങ്ങൾ അല്ലാതെയുള്ള എന്റെ ഓർമകൾ.
പാച്ചല്ലൂര് നിന്നും താമസം മാറി വർഷങ്ങളായിട്ടും, ആ നാടും നാട്ടുകാരും ഇപ്പോഴും എനിക്ക് സുപരിചിതമാണ്. ഇനി കാര്യത്തിലേക്ക് കടക്കാം. വല്യച്ഛനും, അച്ഛനും, ചിറ്റപ്പനും പിന്നെ ഇളതലമുറ സിംഗങ്ങളായ ചേട്ടന്മാരും അലഞ്ഞുതിരിഞ്ഞു മേഞ്ഞു നടന്ന സ്ഥലത്തെ പ്രധാന ഉത്സവമാണ് പാച്ചല്ലൂർ മുടിപ്പുര നേർച്ചതൂക്കം.

കുംഭമാസത്തിൽ ഉത്സവം ആരംഭിച്ച് ഏഴാം ദിവസം പൂരം നാളിലാണ് നേർച്ച തൂക്കം നടക്കുന്നത്. കോപംകൊണ്ട് ജ്വലിക്കുന്ന ഭദ്രകാളിദേവി രാക്ഷസരാജാവായ ദാരികനെ  വധിക്കാനായി ഈരേഴുപതിനാല് ലോകവും തേടിയലയുന്നു. ദാരികനെ തേടുവാൻ ഇനി ആകാശം മാത്രം ബാക്കിനിൽക്കേ, സാക്ഷാൽ പരമശിവനും, മഹാവിഷ്ണുവും കുഞ്ഞുങ്ങളുടെ രൂപം സ്വീകരിക്കുന്നു. മാതൃവാത്സല്യത്താൽ ദേവി രണ്ടു കുഞ്ഞുങ്ങളെയും കൈകളിലെടുത്ത് ആകാശം മുഴുവൻ ദാരികനെ തിരയുന്നതാണ് ഐതീഹ്യം.


മുപ്പതടി ഉയരമുള്ള തൂക്ക വില്ലിൽ ദേവീദാസൻമാർ കുഞ്ഞുങ്ങളേയും എടുത്ത് അമ്പലത്തിന് ചുറ്റും ഒരു വട്ടം ചുറ്റി വരുന്നതാണ് പ്രധാന ചടങ്ങ്. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതം പോലെ, ദേവീദാസൻമാർക്ക് ഇവിടെയും നാല്പത്തിയൊന്നു ദിവസത്തേ കണിശമായ വ്രതമുണ്ട്. എല്ലാ ദിവസവും ഈറനണിഞ്ഞു ദേവിയേ തൊഴുത് വണങ്ങണം, ഒരു നേരം മാത്രമേ അരിയാഹാരം ഭക്ഷിക്കാൻ പാടുള്ളൂ, നേർച്ച തൂക്ക ദിവസം ഇളനീരല്ലാതെ വേറൊന്നും ഭക്ഷിക്കാൻ പാടില്ല എന്നിങ്ങനെ കഠിനമായ മാർഗരേഖകളുണ്ട്.

അന്നേദിവസം, ആദ്യത്തെ തൂക്കം 'പണ്ടാര തൂക്കമാണ്'.പണ്ടാര തൂക്കം ക്ഷേത്രത്തിനു ചുറ്റും മൂന്നു വട്ടം വലം വയ്ക്കണം. വില്ലുവണ്ടിയിൽ ഇരിക്കുവാനും, അടുത്ത നേർച്ചക്കാർക്കായി വില്ല് താഴ്ത്തുവാനും, വില്ലുവണ്ടി വലിക്കാനുമായി ഏറെ ദേവി ഭക്തന്മാറുണ്ടാകും.
ഇവർക്കെല്ലാം പ്രചോദനം നൽകാനായി രാധാകൃഷ്ണൻ മാമൻറെ ചെണ്ടമേളവും ഉണ്ടാകും.

നേർച്ച തൂക്കം കാണുന്നതിനേക്കാൾ എനിക്കിഷ്ടം രാധാകൃഷ്ണൻ മാമന്റെ ചെണ്ടമേളമായിരുന്നു. പണ്ടേ താളവാദ്യങ്ങളോട് ഒരുപടി ഇഷ്ടകൂടുതൽ ഉള്ളതിനാൽ ചെണ്ടമേളം എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. എൻറെ അഭിപ്രായത്തിൽ, രാധാകൃഷ്ണൻ മാമൻറെ ചെണ്ടമേളത്തിനെ വെല്ലാൻ ഇന്നും തിരുവനന്തപുരത്ത് ആരും ഇല്ല.

ഉത്സവ സമയങ്ങളിൽ എല്ലാ ക്ഷേത്രത്തിലെയും പോലെ പല കലാപരിപാടികളും പാച്ചല്ലൂർ അമ്പലത്തിൽ ഉണ്ടാകും. അതിൽ പ്രധാനം ഗാനമേളയാണ്. കാലത്തിനനുസൃതമായി ഈ  കലാപരിപാടികൾ മാറി മാറി വരുന്നു. ഒരുകാലത്ത് ബാലേയും, മിമിക്സ് പരേഡും അടക്കി വാണിരുന്ന സ്റ്റേജ്, ഇപ്പോൾ ഗാനമേളകൾക്കും, ബാൻഡ് ഷോകൾക്കും വഴിമാറി കൊടുത്തിരിക്കുന്നു. നേർച്ച തൂക്ക ദിവസത്തിൽ ഒരു  കലാപരിപാടിയും ഉണ്ടാകില്ല.അന്നേ ദിവസത്തെ പ്രധാന ആകർഷണം രാധാകൃഷ്ണൻ മാമന്റെ ചെണ്ടമേളമാണ്. ചെണ്ടമേളവും താളത്തിനൊത്ത ഭക്തരുടെ ആർപ്പുവിളികളും ഒന്ന് കേട്ടു ആസ്വദിക്കേണ്ടത് തന്നെയാണ്.

തൂക്ക മഹോത്സവം കഴിഞ്ഞ് ഒരാഴ്ചത്തേക്ക് അമ്പലം തുറക്കില്ല. ക്ഷേത്രം തുറക്കുന്ന ദിവസം വില്ല് പൊളിക്കാൻ ഉള്ള ഏർപ്പാടുകൾ തകൃതിയായി നടക്കും.
സാധാരണ ഭദ്രകാളി ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് പാച്ചല്ലൂർ അമ്പലം. നീലകേശി, വെള്ളായണി പോലുള്ള അമ്പലങ്ങളിൽ, പരണേറ്റ്, നിലത്തിൽപോര് എന്ന് തുടങ്ങിയ ആചാരങ്ങളുണ്ട്. പക്ഷെ, പാച്ചല്ലൂരിൽ നേർച്ച തൂക്കം മാത്രമേ അനുഷ്ഠിക്കുന്നുള്ളൂ.

മേളത്തികവും, ആർപ്പുവിളികളും നിറഞ്ഞ ഉത്സവകാലത്തിനായി കാത്തിരിക്കുന്നു. മനം നിറഞ്ഞ് ആസ്വദിക്കാനും, അച്ഛനും വല്യച്ഛനും നടന്ന വഴികളിലൂടെ അവരോടൊപ്പം നടക്കാനും, അവർ വണ്ടി ഓടിച്ച പാതയിലൂടെ വണ്ടി ഓടിക്കുവാനും മോഹം.

Comments

Popular posts from this blog

ജീവിതം മനുഷ്യൻ നക്കി.

ഒരു നായ എന്തിനാണ് നിങ്ങളെ കടിക്കുന്നതെന്ന് ഓർത്തിട്ടുണ്ടോ ? എന്തിനാണ് നിങ്ങൾ ആ ജീവിയെ ക്രൂരതയുടെ പ്രതീകമായി കാണുന്നത്? ഞാനൊന്നു ചോദിച്ചോട്ടെ, നിങ്ങൾ സ്വന്തം വീടുകളിൽ സ്വതന്ത്രമായി, സ്വസ്ഥമായി വസിക്കുമ്പോൾ, ആരെങ്കിലും രണ്ടുപേർ വന്ന് വെള്ളമടിച്ചു അലമ്പിയാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? അപ്പോൾ നിങ്ങൾ ഉന്നയിക്കാൻ പോകുന്ന പോയിൻറ് എന്താണെന്ന് എനിക്കറിയാം. മനുഷ്യരുടെ സ്വകാര്യത.

ആടുപോലൊരു ജീവിതം.

ഏട്ടൻറെ മുറിക്കുള്ളിലെ പുസ്തക ശേഖരത്തിൽ കണ്ണോടിച്ചപ്പോൾ തറച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം. വളരെ വിരളമായി മാത്രം പുസ്തകം വായിക്കുന്ന കൂട്ടത്തിൽ പെട്ട ഒരുവനാണ് ഞാൻ. ആടുജീവിതത്തിന്റെ ചട്ട എന്നെ വല്ലാണ്ട് ആകർഷിച്ചു. അന്നേ ദിവസം തന്നെ വായിക്കുവാൻ ആരംഭിച്ചു. മുന്നോട്ടു പോകുംതോറും മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു പുസ്തകം.