ഒരു നായ എന്തിനാണ് നിങ്ങളെ കടിക്കുന്നതെന്ന് ഓർത്തിട്ടുണ്ടോ ? എന്തിനാണ് നിങ്ങൾ ആ ജീവിയെ ക്രൂരതയുടെ പ്രതീകമായി കാണുന്നത്? ഞാനൊന്നു ചോദിച്ചോട്ടെ, നിങ്ങൾ സ്വന്തം വീടുകളിൽ സ്വതന്ത്രമായി, സ്വസ്ഥമായി വസിക്കുമ്പോൾ, ആരെങ്കിലും രണ്ടുപേർ വന്ന് വെള്ളമടിച്ചു അലമ്പിയാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? അപ്പോൾ നിങ്ങൾ ഉന്നയിക്കാൻ പോകുന്ന പോയിൻറ് എന്താണെന്ന് എനിക്കറിയാം. മനുഷ്യരുടെ സ്വകാര്യത.
നിങ്ങൾ മനസ്സിലാക്കാത്തൊരു കാര്യമുണ്ട്. വീടിന് കാവലായി നിൽക്കുന്ന ഒരു നായയ്ക്ക്, ആ വീടും അവിടത്തെ ആൾക്കാരും അവരുടെ സ്വന്തമാണ്. അങ്ങനെ നോക്കുമ്പോൾ അത് അവരുടെ സ്വകാര്യ ഇടമല്ലേ? നിങ്ങളുടെ സ്ഥലത്തേക്ക് കേറി പ്രശ്നമുണ്ടാക്കുന്നവരെ നിങ്ങൾക്ക് എതിർക്കാമെങ്കിൽ, എന്ത് കൊണ്ട് ഒരു നായക്കത് ചെയ്തുകൂടാ? അവരുടെ സ്വകാര്യതയിൽ കൈ കടത്തിയാൽ അവർ എതിർക്കും, വാ കൊണ്ട് പറയാൻ കഴിവില്ലാത്തതിനാൽ അവർ കടിക്കും. അതാണവരുടെ കർത്തവ്യം.
മെനിഞ്ഞാന്ന് ചക്കത്തറ വീട്ടിലെ ജാക്കിമോന് ഉണ്ടായ പ്രശ്നമാണ് എന്നെ ഇത്രേം ചൊറിയുന്നത്. അവൻ തന്ന കംപ്ലൈന്റ് നിങ്ങൾ ഒന്ന് വായിക്കണം. ഞാൻ പറയാം എന്താ നടന്നതെന്ന്.
ജാക്കിമോൻ പതിവ് പോലെ നൈറ്റ് ഡ്യൂട്ടിക്ക് കേറി. രാത്രി 2 മണി ആയപ്പോളുണ്ട് അതാ വടക്കുഭാഗം വീട്ടിലെ മണി ചേട്ടൻ മതിൽ ചാടുന്നു. ചേട്ടത്തി മാത്രം ഉള്ള ഈ സമയത്ത്, ഇയാൾക്കെന്താണ് ഇവിടെ കാര്യം എന്ന് ആലോചിച്ച ജാക്കി, ഓടിച്ചെന്ന് ഒരു കടിയങ്ങ് കടിച്ചു. മണി ചേട്ടന്റെ ബഹളം കേട്ട് എല്ലാരും ഓടി വന്നു. ലൈറ്റുകൾ തെളിഞ്ഞു. നോക്കിയപ്പോ ധാ ചക്കത്തറ വീട്ടിൽ ചക്ക വെട്ടിയിട്ട പോലെ മണി ചേട്ടൻ കിടക്കുന്നു. ചേട്ടത്തിയെ രക്ഷിച്ച അഭിമാനത്തോടെ ജാക്കിമോൻ അടുത്ത് നിൽക്കുന്നു. സംഭവം കഴിഞ്ഞ അടുത്ത ദിവസം ചക്കത്തറ വീട്ടിന്റെ ഉടമസ്ഥൻ ഗോപൻ വന്നു. വീട്ടിൽ പൊരിഞ്ഞ അടി നടന്നു. അടി കഴിഞ്ഞ് ചേട്ടത്തി ബഹളം വെച്ച്കൊണ്ട് ബാഗും എടുത്തോണ്ട് ഇറങ്ങി. ജാക്കി സ്നേഹത്തോടെ അടുത്ത് ചെന്നപ്പോ, എല്ലാത്തിനും കാരണം നീയാണെന്നും പറഞ്ഞു ഒരു ചവിട്ട്. ചേട്ടത്തിയുടെ ചവിട്ട് കൊണ്ട് ജാക്കിമോന്റെ കാൽ ഒടിഞ്ഞു. സംഭവം മണി ചേട്ടൻ അവന് ബിസ്കറ്റൊക്കെ കൊടുത്തിട്ടുണ്ടേലും, അയാളും ചേട്ടത്തിയും തമ്മിലുള്ള ഡിങ്കോൽഫി അവനറിഞ്ഞൂടല്ലോ!
ഇമ്മാതിരി ഊളത്തരം കാണിച്ചിട്ട്, ഇയോ എന്നെ കടിച്ചെന്നും പറഞ്ഞത് കണസ കൊണസ വർത്താനമടിച്ചാൽ വിവരം അറിയും. ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതണ്ട. ഞാനും എന്റെ പിള്ളേരും സ്ട്രോങ്ങ് ആണ്.. ഡബിൾ സ്ട്രോങ്ങ്.
അപ്പൊ എല്ലാം പറഞ്ഞപോലെ.
വിശ്വസ്തതയോടെ,
രാജൻ
നായകളുടെ ലീഗൽ അഡ്വൈസർ.
ഒപ്പ്
Comments
Post a Comment