Skip to main content

ആടുപോലൊരു ജീവിതം.



ഏട്ടൻറെ മുറിക്കുള്ളിലെ പുസ്തക ശേഖരത്തിൽ കണ്ണോടിച്ചപ്പോൾ തറച്ച പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം. വളരെ വിരളമായി മാത്രം പുസ്തകം വായിക്കുന്ന കൂട്ടത്തിൽ പെട്ട ഒരുവനാണ് ഞാൻ. ആടുജീവിതത്തിന്റെ ചട്ട എന്നെ വല്ലാണ്ട് ആകർഷിച്ചു. അന്നേ ദിവസം തന്നെ വായിക്കുവാൻ ആരംഭിച്ചു.
മുന്നോട്ടു പോകുംതോറും മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു പുസ്തകം.

ഒന്നാം പേജ് മുതൽ തന്നെ നജീബ് എന്ന കഥാപാത്രത്തെ ഞാൻ മനസ്സിൽ കണ്ടുതുടങ്ങി. ഗൾഫിലേക്ക് ചെന്ന് പത്തു കാശുണ്ടാക്കി കുടുംബം പോറ്റാനുള്ള അവസരങ്ങൾക്കായി മലയാളികൾ കഷ്ടപ്പെടുന്ന കാലം.
പ്രാരാബ്ധങ്ങൾ ഒരുപാട് ഉള്ളൊരു ചെറുപ്പക്കാരൻ, തന്റെ അളിയന്റെ സഹായത്തോടെ ഗൾഫിൽ ഒരു ജോലിക്ക് പോകുന്നു. ബോംബെയിലെ തെരുവുകൾ അയാൾക്ക് പുതുമയേകി.  എന്റെ സ്വപ്നനഗരമേ ഞാൻ ഇതാ വരുന്നു എന്ന് മനസ്സിൽ പറഞ്ഞ് അയാൾ യാത്ര തുടങ്ങി. എന്നാൽ റിയാദ് അയാളെ വിസ്മയിപ്പിച്ചു. ആ കൂറ്റൻ നഗരത്തിലെ നരകത്തിൽ എത്തുന്നത് വരെ, അർബാബ് എന്ന പദം അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. പിന്നീടങ്ങോട്ട് യാതനകളുടെയും, അതിജീവനത്തിന്റെയും ദിനങ്ങൾ. അന്തമില്ലാതെ കിടക്കുന്ന മണൽപരപ്പ്. ചുറ്റിനും ആടുകൾ. ഇടക്കിടെ ക്ഷോഭിക്കാനും, മുഖം കറുപ്പിക്കാനും, തല്ലാനും, അടിമപ്പണി ചെയ്യിപ്പിക്കാനും വേണ്ടി മാത്രം ഒരു അർബാബ്. വിചിത്രജീവി ഒരു ആശ്വാസമായി തോന്നിയെങ്കിലും, അതും അധികനാൾ നിലനിന്നില്ല. അയാൾ രക്ഷപെട്ടത് കൊണ്ട് ഒരു കട്ടിൽ ലഭിച്ചു എന്നലാതെ ഫലത്തിൽ ഒന്നും നേടാൻ കഴിഞ്ഞില്ല നജീബിന്. ഒരുപാട് സഹനത്തിനൊടുവിൽ ആ സുവർണ ദിവസം വന്നെത്തി. നജീബിന് രക്ഷപ്പെടുവാൻ ഉള്ള ദിവസം. ആ ദിവസം അയാൾ അനുഭവിച്ച നഷ്ടങ്ങൾ നികത്താൻ ആകാത്തതാണെന്നു തോന്നും. എന്നാൽ സ്വാതന്ത്ര്യത്തിന്റെ മുന്നിൽ അത് ഒന്നുമല്ലാണ്ടാകുന്നു. 

പളപളപ്പൻ ഷർട്ടും, സ്വര്ണനിറത്തിലെ വാച്ചും, കണ്ണടയും അണിഞ്ഞ് വരുന്ന ഗൾഫുകാരേ നമ്മുടെ നാട്ടിലും നാം കണ്ടിട്ടുണ്ടാകും. ഷേക്കിന്റെ വലംകയ്യെന്നും, പുതു പണക്കാരൻ എന്നും നാട്ടുകാർ വിശേഷിപ്പിക്കുന്ന ഒരു മനുഷ്യൻ. അവരെപോലുള്ളവർക്ക് പറയാൻ കാണും, നജിബിന്റെ കഥകൾ പോലെ ഓരോന്ന്. സ്വന്തം കുഞ്ഞിനെ കാണാതെ, മാതാപിതാക്കളെ കാണാതെ, ജീവസഖിയെ കാണാതെ മണലാരണ്യത്തിൽ വയറുചുരുക്കി, ചിലവുചുരുക്കി, നാട്ടിലേക്ക് പണം അയക്കുന്നവർ. അവരുടെ കഷ്ടപാടിനു മുന്നിൽ നാം എത്ര ഭാഗ്യവാൻമാർ! മൂന്നു നേരം ഭക്ഷണം, ഉടുത്തൊരുങ്ങി നടക്കാൻ തുണിമണികൾ, അളവില്ലാത്ത  ആഡംബര   വസ്തുക്കൾ, എന്തിന് ഏറെ പറയുന്നു, ഇണങ്ങാനും പിണങ്ങാനും സ്വന്തം എന്ന് പറയാൻ ആളുകൾ. ഇതൊന്നുമില്ലാതെ വീടിനും, വീട്ടുകാർക്കും വേണ്ടി കഷ്ടപ്പെടുന്ന, കഷ്ടപ്പെട്ട ഓരോ നജീബുമാർ നിങ്ങടെ നാട്ടിലും ഉണ്ടാകും. നമുക്ക് ദൈവം വിധിച്ച ഈ ജീവിതം പരാതികൾ പറയാതെ, സന്തോഷമായി ജീവിക്കുവാൻ നമ്മളെ പഠിപ്പിക്കുന്ന ഒരു കഥയാണ് ആടുജീവിതം. 

പുസ്തകം വായിക്കുന്ന വേളയിൽ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചെങ്കിലും, കണ്ണുകൾ ഈറനണിഞ്ഞില്ല. എന്നാൽ പുസ്തകം തിരികെ ഏട്ടനെ ഏല്പിച്ചപ്പോളാണ് നജീബ് എന്ന കഥാപാത്രം ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്നറിഞ്ഞത്. അക്കാര്യം കണ്ണു നനയിച്ചു. 
പുസ്തകം എടുത്തപ്പോൾ ഏട്ടനോട് എന്തിനെക്കുറിച്ചാണ് ഇതെന്ന് ചോദിച്ചപ്പോൾ, ഒരു മനുഷ്യൻ ഗൾഫിൽ പോകുന്ന കഥയാണെന്ന് അവൻ പറഞ്ഞത് ഓർക്കുന്നു. ഇങ്ങനെയും ചില ജീവിതങ്ങൾ, ഇങ്ങനെയും ചില ഗൾഫ് യാത്രകൾ!

Comments

Popular posts from this blog

ഓർമ്മ പാച്ചിലിൽ പാച്ചല്ലൂർ തൂക്കം.

വല്യച്ഛനും, വല്യച്ഛൻ പകർത്തുന്ന ചിത്രങ്ങളും എന്റെ ജീവിതത്തിൽ നിന്നും ഒരിക്കലും പറിച്ചുമാറ്റാൻ പറ്റാത്ത ഒന്നാണ്. അക്കൂട്ടത്തിൽ പെടുന്ന ചിത്രങ്ങളിൽ നിന്നും മാത്രം എനിക്ക് ഓർമ്മയുള്ള ഒരു സ്ഥലമാണ് പാച്ചല്ലൂർ. വല്യച്ഛൻ തന്റെ  പെന്റാക്സ് ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് എൻറെ മനസ്സിൽ പതിഞ്ഞിരിക്കുന്നത്.

ജീവിതം മനുഷ്യൻ നക്കി.

ഒരു നായ എന്തിനാണ് നിങ്ങളെ കടിക്കുന്നതെന്ന് ഓർത്തിട്ടുണ്ടോ ? എന്തിനാണ് നിങ്ങൾ ആ ജീവിയെ ക്രൂരതയുടെ പ്രതീകമായി കാണുന്നത്? ഞാനൊന്നു ചോദിച്ചോട്ടെ, നിങ്ങൾ സ്വന്തം വീടുകളിൽ സ്വതന്ത്രമായി, സ്വസ്ഥമായി വസിക്കുമ്പോൾ, ആരെങ്കിലും രണ്ടുപേർ വന്ന് വെള്ളമടിച്ചു അലമ്പിയാൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും? അപ്പോൾ നിങ്ങൾ ഉന്നയിക്കാൻ പോകുന്ന പോയിൻറ് എന്താണെന്ന് എനിക്കറിയാം. മനുഷ്യരുടെ സ്വകാര്യത.